ന്യൂഡല്‍ഹി: എല്‍ജിബിടി സമൂഹത്തെ വിശേഷിപ്പിക്കാന്‍ അപകീര്‍ത്തികരമായ പദപ്രയോഗം ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷമാപണം നടത്തി. ഇറ്റാലിയന്‍ ബിഷപ്പുമാരുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ സ്വവര്‍ഗാനുരാഗ വിരുദ്ധമായ ഭാഷ ഉപയോഗിച്ചുവെന്നും ഇത് ആ സമൂഹത്തില്‍പ്പെട്ടവരെ വ്രണപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഖേദ പ്രകടനം.
സ്വവര്‍ഗാനുരാഗ വിരുദ്ധമായ പദങ്ങളിലൂടെ ആരെയെങ്കിലും വ്രണപ്പെടുത്താനോ മോശമാക്കാനോ മാര്‍പ്പാപ്പ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും പദപ്രയോഗത്തില്‍ അസ്വസ്ഥത തോന്നിയവരോട് മാപ്പ് ചോദിക്കുന്നുവെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പ റിപ്പോര്‍ട്ടുകളെക്കുറിച്ച് ബോധവാനാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ ഒരു സഭയെ പരിപോഷിപ്പിക്കുന്നതില്‍ അദ്ദേഹം അര്‍പ്പണബോധമുള്ളവനാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ‘ആരും ഉപയോഗശൂന്യരല്ല, ആരും അധികപറ്റല്ല, എല്ലാവര്‍ക്കും ഇടമുണ്ടെന്നും വത്തിക്കാന്‍ ഊന്നിപ്പറഞ്ഞു
ഫഗോട്ട്‌നെസ് അല്ലെങ്കില്‍ ഫഗോട്രി എന്ന് വിവര്‍ത്തനം ചെയ്യാവുന്ന ഇറ്റാലിയന്‍ പദമായ ഫ്രോസിയാജിന്‍ എന്ന വാക്കാാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മേയ് 20ന് അടച്ചിട്ട വാതിലിലെ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇങ്ങനെയൊരു സംഭവം നടന്നത്. സ്വവര്‍ഗാനുരാഗികളെ മാര്‍പ്പാപ്പ അധിക്ഷേപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കാര്യമായ തിരിച്ചടിക്ക് കാരണമായിരുന്നു.