മാര്‍പ്പാപ്പ ഉടൻ ഇന്ത്യയിലേക്കില്ല; സെപ്റ്റംബര്‍ ഷെഡ്യൂളിലെ ഏഷ്യന്‍ നഗരങ്ങളില്‍ ഡല്‍ഹിയില്ല

ന്യൂഡൽഹി: ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഉടനുണ്ടാകില്ലെന്ന് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് (യുസിഎ ന്യൂസ്) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു.

മാര്‍പ്പാപ്പയെ മോദി ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2021ലും സമാനമായ രീതിയില്‍ മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ അദ്ദേഹം സന്ദര്‍ശനം നടത്തിയെങ്കിലും ഇന്ത്യയിലേക്ക് വന്നില്ല.

2016ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പ തയ്യാറെടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഒഴിവാക്കി ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. അന്നും ഇന്ത്യ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

ഈ സെപ്റ്റംബറില്‍ മാര്‍പ്പാപ്പ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിവരം വത്തിക്കാന്‍ പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം യാത്രാ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ ഇന്തോനേഷ്യ, പപ്പുവ ഗിനിയ, തിമോര്‍, സിംഗപൂര്‍ എന്നീ രാജ്യങ്ങളാണ് പോപ്പ് സന്ദര്‍ശിക്കുന്നത്. നേരത്തെ ശ്രീലങ്ക, മ്യാന്‍മര്‍, യുഎഇ, ബഹറിന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജോണ്‍പോള്‍ രണ്ടാമനാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ. 1999ലായിരുന്നു ഈ സന്ദര്‍ശനം.

More Stories from this section

family-dental
witywide