റോം: സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ മാര്‍പാപ്പ വീണ്ടും വളരെ നിന്ദ്യമായ വാക്ക് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ANSA വാര്‍ത്താ ഏജന്‍സിയാണ് ചൊവ്വാഴ്ച വിവരം പുറത്തുവിട്ടത്. ഒരുമാസം മുമ്പുണ്ടായ വിവാദങ്ങള്‍ ഒന്നു തണുത്തുവരുമ്പോഴേക്കുമാണ് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും സ്വവര്‍ഗ്ഗാനുരാഗികളെ അധിക്ഷേപിക്കുന്ന നിലപാടെടുത്തത്.
മേയ് 20-ന് ഇറ്റാലിയന്‍ ബിഷപ്പുമാരുമായുള്ള അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയ്ക്കിടെയാണ് മാര്‍പ്പാപ്പ ‘ഫ്രോസിയാജിന്‍’ എന്ന മോശം വാക്ക് ഉപയോഗിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചത്. സംഗതി വിവാദമാകുകയും നിരവധി ആളുകള്‍ മാര്‍പാപ്പയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവവും വാര്‍ത്താ പ്രാധാന്യവും ആളുകളുടെ പ്രതികരണവും കണക്കിലെടുത്ത് മാര്‍പാപ്പ മാപ്പു പറയുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മാര്‍പാപ്പയില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ വീണ്ടും മോശം പദപ്രയോഗം എത്തുന്നത്.
ANSA വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, റോമന്‍ പുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ ‘വത്തിക്കാനില്‍ ഒരു ദുഷ്പ്രവണതയുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് ഈ പദം ആവര്‍ത്തിച്ചത്. മാത്രമല്ല, സ്വവര്‍ഗാനുരാഗ പ്രവണതയുള്ള യുവാക്കളെ സെമിനാരിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് വിവരം.
87-കാരനായ പോപ് ഫ്രാന്‍സിസ് തന്റെ 11 വര്‍ഷത്തെ മാര്‍പ്പാപ്പ പദവിയില്‍ പലപ്പോഴും എല്‍ജിബിടി സമൂഹത്തിന് അനുകൂല ഇടപെടലുകള്‍ നടത്തിയതിന് ബഹുമതി നേടിയിട്ടുണ്ട്. എങ്കിലും അടുത്തിടെയായി അദ്ദേഹം ഇത്തരം സമൂഹത്തോട് അകല്‍ച്ച പാലിക്കുന്നതായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.