റോം: ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട പെസഹ വ്യാഴ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സ്നേഹ സന്ദേശം. റോമിലെ ജയിലിൽ വനിതാ തടവുകാരുടെ കാൽപാദം കഴുകി ഫ്രാൻസിസ് മാർപാപ്പ ചുംബിച്ചു. 87- കാരനായ ഫ്രാൻസിസ് മാർപാപ്പ തന്‍റെ വീൽചെയറിലിരുന്നാണ് പെസഹ വ്യാഴ ദിനത്തിലെ സവിശേഷമായ ചടങ്ങ് നടത്തിയത്. റോമിലെ റെബിബിയ ജയിലിലെ 12 വനിതാ തടവുകാരുടെ കാൽപാദം കഴുകിയാണ് സ്നേഹത്തിന്‍റെ സന്ദേശമായ ചുംബനം മാർപാപ്പ നൽകിയത്.
പ്രായത്തിന്‍റെ അവശതകളും അസുഖം തളർത്തിയ ശരീരവുമൊന്നും മാർപാപ്പയുടെ സ്നേഹ സന്ദേശത്തെ ബാധിച്ചില്ല. വീൽ ചെയറിലിരുന്ന് ചടങ്ങ് നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും നേരത്തെ തന്നെ അധികൃതർ പൂർത്തിയാക്കിയിരുന്നു. പെസഹ ദിനത്തിൽ റെബിബിയ ജയിലിലെത്തിയ മാർപാപ്പ, ഉയർന്ന പ്ലാറ്റ്ഫോമിലിരുന്ന വനിതാ തടവുകാരുടെ അടുത്തേക്ക് വീൽചെയറിലെത്തി ചടങ്ങുകൾ പൂർത്തീകരിക്കുകയായിരുന്നു.
ഓരോരുത്തരുടെയും അടുത്തെത്തി മാർപാപ്പ, കാലിൽ മെല്ലെ വെള്ളം ഒഴിച്ച് ഒരു ചെറിയ തൂവാല കൊണ്ട് ഉണക്കി ശേഷം ഓരോ കാലും ചുംബിച്ചുകൊണ്ടാണ് ചടങ്ങ് പൂർത്തിയാക്കിയത്. ഇതിനിടെ പലപ്പോഴും പുഞ്ചിരിയോടെയും വിശുദ്ധമായ സ്നേഹത്തോടെയും മാർപാപ്പ അവരെ നോക്കി. ഫ്രാൻസിസ് മാർപാപ്പ കാലുകൾ കഴുകി ചുംബിച്ചപ്പോൾ വനിതാ തടവുകാരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
വിശുദ്ധ വ്യാഴാഴ്ച കാൽകഴുകൽ ചടങ്ങ് ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം പ്രധാനമാണ്. കുരിശിൽ തറക്കപ്പെടുന്നതിന് മുമ്പ് അവസാന അത്താഴ വേളയിൽ യേശു തന്‍റെ 12 അപ്പോസ്തലന്മാരുടെ കാൽ കഴുകിയതിനെ അനുസ്മരിക്കുകയാണ് ഓരോ പെസഹ വ്യാഴവും.
2013 ൽ മാർപാപ്പയായി സ്ഥാനമേറ്റ ഫ്രാൻസിസ് പാപ്പ ആദ്യ വിശുദ്ധ വ്യാഴം ചടങ്ങ് മുതൽ ലോക ശ്രദ്ധയാകർഷിക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കിയിരുന്നു. പെസഹ വ്യാഴത്തിലെ കാൽകഴുകൽ ചടങ്ങിലെ 12 പേരിൽ സ്ത്രീകളെയും മറ്റ് മതസ്ഥരെയും ഉൾപ്പെടുത്തണമെന്ന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് വത്തിക്കാനിലെ ആചാരങ്ങളിൽ വിപ്ലവം സൃഷ്ടിച്ചിരുന്നു. ശേഷം ഓരോ വർഷവും ജയിലിലേക്കോ അഭയാർത്ഥി കേന്ദ്രങ്ങളിലോ ആയിരുന്നു ഫ്രാൻസിസ് പാപ്പയുടെ കാൽകഴുകൽ ചടങ്ങ് നടത്തിയിരുന്നത്. ഇത്തവണ 12 വനിതാ തടവുകാരെ തിരഞ്ഞെടുത്തുകൊണ്ടും ഫ്രാൻസിസ് പാപ്പ, സ്നേഹത്തിന്‍റെ വിപ്ലവം തന്നെയാണ് തീർത്തത്.
Pope Washes Feet Of 12 Women Prisoners On Holy Thursday