അമേരിക്കയില്‍ കോവിഡിനു ശേഷം ഡിപ്രഷന്‍ പിടിമുറുക്കുന്നു, ഇരകളോ 12 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍

വാഷിംഗ്ടണ്‍: കോവിഡ്19 നു ശേഷം അമേരിക്കയിലെ കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ സ്ത്രീകളിലും ഡിപ്രഷന്‍ അഥവാ വിഷാദരോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ആന്റീഡിപ്രസന്റ് കുറിപ്പടി നിരക്ക് ഇതിനകം തന്നെ വലിയരീതിയിലേക്ക് മാറിയതായി മിഷിഗണ്‍ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള പഠനം സൂചിപ്പിക്കുന്നു.

2016 നും 2022 നും ഇടയില്‍ അമേരിക്കയിലെ ഫാര്‍മസികളില്‍ വിതരണം ചെയ്ത 92% കുറിപ്പടികളും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ദേശീയ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചതെന്ന് മിഷിഗണ്‍ മെഡിസിനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കോവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുമ്പ് 12 നും 25 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്കിടയിലുണ്ടായിരുന്ന ആന്റീഡിപ്രസന്റ് വിതരണം നിരക്ക് 2020 മാര്‍ച്ചിന് ശേഷം ഇത് 64 ശതമാനമായി വേഗത്തില്‍ വര്‍ദ്ധിച്ചുവെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ പീര്‍ റിവ്യൂഡ് ജേണലായ പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.

2020 മാര്‍ച്ചിന് ശേഷം 12-17 വയസ്സിനിടയിലുള്ള യുവതികളില്‍ നിരക്ക് 130 ശതമാനത്തിലേക്കും 18-25 വയസ്സ് പ്രായമുള്ളവരില്‍ 60 ശതമാനത്തിലേക്കും ഉയര്‍ന്നു. സ്ത്രീകളിലാണ് ഈ നിരക്ക് വര്‍ദ്ധനവെന്നതും ശ്രദ്ധേയമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.