നവകേരള സദസിനെതിരെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

ഇടുക്കി: നവകേരള സദസിനെതിരെ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി എം സക്കീര്‍ ഹുസൈനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫെയ്സ്ബുക്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിലുമാണ് സക്കീര്‍ നവകേരള സദസിനെതിരെ പോസ്റ്റിട്ടത്.

നവകേരള സദസിനെതിരേയും പുതുതായി നിയമിതനായ മന്ത്രിക്കെതിരേയും പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. പോസ്റ്റ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് സസ്‌പെന്‍ഷന്‍ നടപടി. പെരിയാര്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവുവാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കരാഹിത്യവും സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് വിശദീകരണത്തില്‍ പറയുന്നു. 1930 ലെ കേരളാ സിവില്‍ സര്‍വ്വീസ് പെരുമാറ്റചട്ടം അനുസരിച്ചാണ് പി എം സക്കീര്‍ ഹുസൈനെ സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

More Stories from this section

family-dental
witywide