ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടി തകര്‍ന്നതാണ് മരണ കാരണമെന്നും യഹ്യയുടെ വിരലുകള്‍ മുറിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തെക്കന്‍ ഗാസയില്‍ ബുധനാഴ്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍നടത്തിയ നടത്തിയ ആക്രമണത്തിലാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പോളിറ്റ് ബ്യൂറോ തലവനായിരുന്നു സിന്‍വാര്‍. ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ (ഐഡിഎഫ്) 828 ബ്രിഗേഡ് റാഫയിലെ ടെല്‍ അല്‍-സുല്‍ത്താന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു, അവിടെ സ്‌കാനിംഗില്‍ ഹമാസ് മേധാവിയുടെ മൃതദേഹം കണ്ടെത്തി. മരണം സ്ഥിരീകരിക്കാന്‍ ഇസ്രായേല്‍ സൈന്യം ഇയാളുടെ വിരലുകള്‍ മുറിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിരലുകളില്‍ നിന്നും ഡിഎന്‍എ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യ തന്നെ എന്ന് ഉറപ്പിച്ചത്.
ഇസ്രായേല്‍ സൈന്യം ഒളിത്താവളത്തില്‍ പ്രവേശിച്ച് യഹ്യ സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാരുമായുള്ള കൈമാറ്റ ഇടപാടില്‍ 2011ല്‍ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിന്‍വാര്‍ ഇസ്രായേല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അപ്പോള്‍ ശേഖരിച്ച ഡിഎന്‍എ ഉപയോഗിച്ചാണ് മരിച്ചത് യഹ്യ തന്നെയെന്ന് സ്ഥിരീകരണം നടത്തിയതെന്ന് ഇസ്രായേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ ചീഫ് പാത്തോളജിസ്റ്റ് ചെന്‍ കുഗല്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ടിലുണ്ട്.
ഇസ്രായേല്‍ സൈന്യം യഹ്യ ഉണ്ടെന്ന് സംശയിക്കുന്ന ഒളിത്താവളത്തില്‍ തിരച്ചില്‍ നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു വീഡിയോയില്‍, രണ്ട് ഇസ്രായേല്‍ സൈനികര്‍ ഇടതുകൈയുടെ ചൂണ്ടുവിരല്‍ വെട്ടിമാറ്റിയ ശരീരത്തിന് സമീപം (യഹ്യ സിന്‍വാറിന്റേതാണെന്ന് അവകാശപ്പെടുന്നു) നില്‍ക്കുന്നു. അതേസമയം, അഞ്ച് വിരലുകളിലും ഇടതുകൈ കാണിക്കുകയും പിന്നീട് ഒരു വിരല്‍ കാണാതിരിക്കുകയും ചെയ്യുന്ന വീഡിയോകള്‍ വിശകലനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്‍ കുഗല്‍ പറയുന്നതനുസരിച്ച് യഹ്യ സിന്‍വാറിന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ടാങ്ക് ഷെല്ലില്‍ നിന്ന് ഉള്‍പ്പെടെയുണ്ടായ നിരവധി മുറിവുകളുണ്ടെങ്കിലും തലയില്‍ വെടിയേറ്റതാണ് മരണകാരണം.
അതേസമയം, സിന്‍വറിന്റെ കൊലപാതകത്തില്‍ ഇസ്രയേലും അമേരിക്കയും സന്തോഷം പങ്കുവെച്ചിരുന്നു. ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, അവസാനത്തിന്റെ തുടക്കമാണെന്നും ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ‘ലോകത്തിന് ഇന്നൊരു നല്ല ദിവസം’ എന്നാണ് ബൈഡന്‍ പ്രതികരിച്ചത്. അതേസമയം, പോരാട്ടം അവസാനിക്കില്ലെന്നും ഇസ്രയേല്‍ പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഹമാസും വ്യക്തമാക്കി.