ചോര്‍ച്ചയിലെ ചര്‍ച്ച തീരുംമുമ്പേ, രാമ ക്ഷേത്രത്തിലേക്കുള്ള രാംപഥ് റോഡില്‍ കുഴികളും വെള്ളക്കെട്ടും

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം തുറന്ന് ആറ് മാസത്തിനിപ്പുറം ക്ഷേത്രത്തിലെ ചോര്‍ച്ചയുടെ ചര്‍ച്ചകള്‍ തണുക്കും മുമ്പ് വീണ്ടും തലപൊക്കി ബിജെപിയെ വെട്ടിലാക്കുന്ന പ്രശ്‌നങ്ങള്‍. ആദ്യഘട്ട മഴയില്‍ത്തന്നെ ക്ഷേത്രനഗരത്തില്‍ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിവേഗത്തില്‍ തീര്‍ത്ത നവീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

രാമക്ഷേത്രത്തിലേക്ക് നീളുന്ന അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാംപഥ് റോഡിലെ 14 കിലോമീറ്ററിനുള്ളില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടത്. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ റോഡ് ഉടന്‍ നന്നാക്കിയതായി അധികൃതര്‍ പറഞ്ഞെങ്കിലും ഇതിനു പിന്നിലെ കാരണം ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്. ഈ കുഴികള്‍ വിവാദം സൃഷ്ടിച്ചപ്പോള്‍ ഗുരുതരമായ അനാസ്ഥയുടെ പേരില്‍ ആറ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത് തലയൂരാന്‍ ശ്രമിക്കുകയാണ്.

വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുകയായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലാണ്‌. മഴവെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒഴുകുന്ന മഴവെള്ളം കോംപ്ലക്സിനുള്ളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ക്ഷേത്രപരിസരത്തെ മഴവെള്ളം ഒഴുക്കിവിടാന്‍ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ചോര്‍ച്ചയില്ലെന്നാണ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞത്. മേല്‍ക്കൂരയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും ഒഴുകിയിട്ടില്ലെന്നും എവിടെനിന്നും വെള്ളം വന്നിട്ടില്ലെന്നും മഴവെള്ളം ഒഴുകിപ്പോകാന്‍ ക്ഷേത്രത്തില്‍ മികച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ ഒന്നാം നിലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോര്‍ന്നൊലിക്കുന്നതായി തോന്നിയെങ്കിലും യഥാര്‍ത്ഥത്തില്‍ പൈപ്പില്‍ നിന്നാണ് വെള്ളം വരുന്നതെന്നും പറഞ്ഞായിരുന്നു അദ്ദേഹം വിശദീകരണവുമായി എത്തിയത്.

More Stories from this section

family-dental
witywide