ദിവ്യക്ക് ജാമ്യം നല്‍കിയ വിധി പകര്‍പ്പ് പുറത്ത്, ജാമ്യാപേക്ഷയിൽ ദിവ്യക്ക് ഗുണമായത് ‘സ്ത്രീയെന്ന പ്രത്യേക പരിഗണന’

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യക്ക് ജാമ്യം നല്‍കിയ വിധി പകർപ്പ് പുറത്ത്. സ്ത്രീയെന്ന പ്രത്യേക പരിഗണന നല്‍കിയാണ് കോടതി ജാമ്യം അനുവദിച്ചത്. കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. ദിവ്യയുടെ പിതാവ് ഹൃദ്രോഗിയാണെന്നതും കോടതി പരിഗണിച്ചു. ഇനിയും കസ്റ്റഡിയില്‍ വേണം എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് എ ഡി എം. കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് ജാമ്യം അനുവദിച്ചത്. രണ്ടാള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം, കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. ഒക്ടോബര്‍ 29-നാണ് ദിവ്യയെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ദിവ്യ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

അതിനിടെ ഇന്നലെ ദിവ്യയ്ക്കെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം.സി പി എമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍.

More Stories from this section

family-dental
witywide