എഡിഎം നവീന്‍ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച. വിശദമായി വാദം കേട്ട ശേഷമാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാൻ മാറ്റിയത്.
പി പി ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തത്. ദിവ്യയുടെ രാഷ്ട്രീ സ്വാധീനം കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നവീൻ്റെ കുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍, വിവാദ യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ ബാബു തന്നെ കണ്ട് കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കലക്ടറുടെ മൊഴിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിയിരുന്നു പിപി ദിവ്യ ജാമ്യത്തിനായി വാദിച്ചത്.
നേരത്തെ, ഒക്ടോബര്‍ 29ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ അറസ്റ്റിലാകുന്നത്. ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. നേരത്തെ മൂന്ന് മണിക്കൂര്‍ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതും പരാമര്‍ശങ്ങള്‍ നടത്തിയതും ആസൂത്രണം ചെയ്താണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
PP Divya Bail verdict on Friday only