ദിവ്യ ജയിൽ മോചിതയായി, പിന്നാലെ മാധ്യമങ്ങളോട് ‘ആദ്യ’ പ്രതികരണം! ‘നവീന്റെ മരണത്തിൽ അതീവ ദുഃഖം, നിരപരാധിത്വം തെളിയിക്കും’

കണ്ണൂർ: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് പി പി ദിവ്യ മോചിതയായി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പി പി ദിവ്യ, കേസുമായി ബന്ധപെട്ട് മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. ഉദ്യോഗസ്ഥരോട് സദുദ്ദേശത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും പി പി ദിവ്യ ആവര്‍ത്തിച്ചു. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും പി പി ദിവ്യ വിവരിച്ചു.

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖം എന്നെ സംബന്ധിച്ചുണ്ട്. എന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ 14 വര്‍ഷമായി ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സഹകരിച്ച് പോകുന്നയാളാണ് ഞാന്‍. പക്ഷേ ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ഇപ്പോഴും പറയുന്നു. സദുദ്ദേശപരമായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. ഞാന്‍ ഇപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം ഞാന്‍ കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായി അന്വേഷണം നടക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവസരം എനിക്ക് കോടതിയില്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.’- പി പി ദിവ്യ പറഞ്ഞു.

More Stories from this section

family-dental
witywide