അഴിക്കുളിൽ ദിവ്യ! രാത്രി തന്നെ ജയിലിലാക്കി, 14 ദിവസം റിമാൻഡിൽ, നാളെ ജാമ്യാപേക്ഷ നൽകും

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ ജയിലിലായി. കോടതി റിമാൻഡ് ചെയ്തതോടെയാണ് ദിവ്യയെ രാത്രി തന്നെ ജയിലിലാക്കിയത്. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ദിവ്യയെ പള്ളിക്കുന്നം വനിതാ ജയിലിലേക്കാണ് മാറ്റിയത്.

നേരത്തെ കണ്ണൂർ പൊലീസ് കമ്മീഷണറടക്കം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ദിവ്യയുടെ വൈദ്യ പരിശോധന നടത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു വൈദ്യ പരിശോധന. ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ദിവ്യയെ ഹാജരാക്കിയത്. നാളെ ദിവ്യ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.

അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ കീഴടങ്ങിയത്.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

More Stories from this section

family-dental
witywide