‘എടാ മോനെ…’ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി തനി മലയാളിയായി ശ്രീജേഷ്

പാരിസ്: ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യയുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഇന്ത്യക്കായി ഏകദേശം രണ്ട് പതിറ്റാണ്ടോളം ഗോൾപോസ്റ്റ് കാത്ത മലയാളി താരമായ ശ്രീജേഷ് പാരിസ് ഒളിമ്പിക്‌സ് മെഡലിന് ശേഷം ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഒളിമ്പിക്സിലെ ചരിത്രനേട്ടത്തിന് ശേഷം താരത്തിന്റെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഒളിമ്പിക്സ് മെഡലും കഴുത്തിലണിഞ്ഞ് ഈഫല്‍ ടവറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ശ്രീജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുണ്ടുടുത്ത് തനി മലയാളി ലുക്കിലാണ് താരം നില്‍ക്കുന്നത്. ‘എടാ മോനെ’ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നാലെ ‘ഇവനെ പടച്ചുവിട്ട കടവുള്‍ക്ക് പത്തിൽ പത്ത്…’ എന്ന കമന്‍റുമായി ആരാധകരുമെത്തി.

പാരിസ് ഒളിമ്പിക്സ് ഇന്ന് സമാപിക്കാനിരിക്കെ ച‌‌ടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിക്കാന്‍ ഒരുങ്ങുകയാണ് പി ആർ ശ്രീജേഷ്. ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ശ്രീജേഷും ചേര്‍ന്നാണ് പതാക വാഹകരാകുക. ഇതിനായി ശ്രീജേഷ് പാരിസിൽ തുടരുകയാണ്. അതേസമയം, ഇന്ത്യൻ ഹോക്കി ടീം രാജ്യത്ത് മടങ്ങിയെത്തിയിരുന്നു. ഇന്ത്യൻ സമയം അർധരാത്രി 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങ്.

More Stories from this section

family-dental
witywide