കേരളത്തെ സ്‌നേഹിച്ച്, വയനാടിന്റെ കൈപിടിച്ച് പ്രഭാസ്; ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ബാധിത വയനാട് ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) രണ്ട് കോടി രൂപ സംഭാവന നല്‍കി.

മറ്റ് തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, രാം ചരണ്‍, അല്ലു അര്‍ജുന്‍ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ചിരഞ്ജീവിയും മകന്‍ രാം ചരണും ഒരു കോടി രൂപ സംഭാവന നല്‍കിയപ്പോള്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.

മലയാള സിനിമാ ലോകവും വയനാടിനായി കൈകോര്‍ത്തിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, ടൊവിനോ തോമസ്, തമിഴ് താരങ്ങളായ കമല്‍ഹാസന്‍, സൂര്യ, ജ്യോതിക, കാര്‍ത്തി, വിക്രം, നയന്‍താര, വിഘ്നേഷ് ശിവന്‍ എന്നിവരും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ആനന്ദ് പട്വര്‍ധനും സിഎംഡിആര്‍എഫിന് സംഭാവന നല്‍കിയിരുന്നു. മോഹന്‍ലാല്‍ വ്യക്തിഗതമായി സംഭാവന നല്‍കുകയും താരത്തിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കുമെന്നും അറിയിച്ചിരുന്നു.

ജൂലൈ 30നാണ് വയനാടിനെയും കേരളത്തെത്തന്നെയും നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളാണ് നാമാവശേഷമായത്. നിലവില്‍ 414 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അനൗദ്യോഗിക കണക്കാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.