ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കര്‍ണാടക എംപിയും സസ്‌പെന്‍ഷനിലായ ജെഡി(എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണ എസ്‌ഐടിയുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും സഹകരിക്കാത്ത നിലപാടിലാണെന്നും റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രജ്വലിനെ ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി ഇന്നോ തിങ്കളാഴ്ചയോ അന്വേഷണം നടത്താന്‍ എസ്‌ഐടി ആലോചിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് തുടര്‍ച്ചയായി രണ്ട് ദിവസമായി ഇയാള്‍ ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നല്‍കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനയാണ് കേസെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുന്ന ഹാസന്‍ ജില്ലയില്‍ നിന്നുള്ള സിറ്റിംഗ് എംപിയായ പ്രജ്വല്‍ ഏപ്രിലില്‍ നാടുവിടുകയും ഇന്റര്‍പോള്‍ നോട്ടീസടക്കമുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മെയ് 31 ന് ബംഗളൂരുവില്‍ മടങ്ങിയെത്തി പിടിയിലാകുകയുമായിരുന്നു. ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ വീഡിയോ ക്ലിപ്പുകള്‍ കര്‍ണാടകയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രജ്വല്‍ രാജ്യം വിട്ടത്.