
ബെംഗളൂരു∙ ജെഡിഎസ് സ്ഥാമാർഥി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദം കർണാടകയിൽ വിവാദമാകുന്നു. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമാണ് പ്രജ്വൽ രേവണ്ണ . അശ്ലീലവീഡിയോ പുറത്തായ ശേഷം പ്രജ്വൽ ജർമനിയിലേക്ക് കടന്നതായി അഭ്യൂഹം പ്രചരിച്ചു.
അതേസമയം, പ്രജ്വലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്തെത്തി. 2019 മുതൽ 2022 വരെ പ്രജ്വൽ പലതവണ പീഡിപ്പിച്ചെന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഹാസൻ ജില്ലയിലെ ഹൊലെനരാസിപുർ പൊലീസ് സ്റ്റേഷനിലാണ് സിറ്റിങ് എംപി കൂടിയായ പ്രജ്വലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കൂടുതൽ സ്ത്രീകൾ പരാതിയുമായി വന്നേക്കുമെന്ന് സൂചനയുണ്ട്.
പ്രജ്വൽ ജർമനിയിലേക്ക് കടന്നിട്ടുണ്ടെങ്കിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്ന് പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്.ഡി.രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. സംഭവം പ്രചരിച്ചതുമുതൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. വിദേശത്തുനിന്ന് എസ്ഐടി സംഘം പ്രജ്വലിനെ തിരികെയെത്തിക്കുമന്നും കുമാരസ്വാമി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നു രണ്ടു ദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോകൾ മോർഫ് ചെയ്തതാണെന്നാണ് ജെഡിഎസിന്റെ വാദം.എന്നാൽ, വനിതാ കമ്മിഷൻ അധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർഥിച്ചു. 27ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഇതിനു തൊട്ടുമുൻപ് പ്രജ്വൽ രാജ്യം വിട്ടതായാണ് റിപ്പോർട്ട്.
Prajwal Revanna flee to germany amid sex tape controversy