സസ്‌പെൻഷനിലായ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) നേതാവുമായ സൂരജ് രേവണ്ണയ്‌ക്കെതിരെ പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. 27കാരനായ പാർട്ടി പ്രവർത്തകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. എന്നാൽ യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും, അഞ്ച് കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നൽകിയതെന്നും സൂരജ് പറഞ്ഞു.
ജൂണ്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പീഡനത്തിനോട് സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാന്‍ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
നേരത്തെ, സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവകുമാർ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജെഡിഎസ് പ്രവർത്തകന്‍ തന്നെ സമീപിച്ചെന്നും അഞ്ച് കോടിരൂപ കൊടുത്തില്ലെങ്കിൽ ലൈംഗിക പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നതായി ശിവകുമാർ പറഞ്ഞു. സൂരജിന്റെ നമ്പർ താൻ നൽകി. പിന്നീട് യുവാവ് ഭീഷണിയുമായി രംഗത്തുകയായിരുന്നെന്നും ശിവകുമാർ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.