ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസ് പ്രതിയും സസ്‌പെന്‍ഷനിലായ ജെഡി(എസ്) എംപിയുമായ പ്രജ്വല് രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയെ കാണാനില്ല. ഇവര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇന്ന് വീട്ടില്‍ എത്തിയ പൊലീസിന് ഇവരെ കണ്ടെത്താനായില്ല. മകന്‍ ഒളിവു ജീവിതം അവസാനിപ്പിച്ച് ഇന്നലെ പുലര്‍ച്ചെയാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. അപ്പോഴേക്കും അമ്മയെ കാണാതായിരിക്കുകയാണ്. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള അവരുടെ അപേക്ഷ വെള്ളിയാഴ്ച പ്രാദേശിക കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയത്.
ഭവാനി രേവണ്ണയുടെ ഭര്‍ത്താവ് എച്ച്ഡി രേവണ്ണയും ലൈംഗിക പീഡനക്കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും പ്രതിയാണ്. മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ മരുമകളാണ് ഭവാനി. ഇവരുടെ വീട്ടിലെ സഹായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭവാനി രേവണ്ണയുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പറഞ്ഞു.
ജൂണ്‍ ഒന്നിന് വീട്ടിലെത്തി ചോദ്യം ചെയ്യുമെന്ന് കാട്ടി ഇവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അതിന്‍പ്രകാരം ചോദ്യം ചെയ്യലിനെത്തിയ അന്വേഷണ സംഘത്തിന് ഇവരെ കണ്ടെത്താനായില്ല. എസ്‌ഐടി സംഘം അവരുടെ മൊബൈല്‍ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതേസമയം, ഭവാനി രേവണ്ണയും അവരുടെ കുടുംബാംഗങ്ങളും സ്വാധീനമുള്ളവരാണെന്നും തെളിവുകള്‍ നശിപ്പിക്കാനും അതിജീവിതകളെയും സാക്ഷികളെയും സ്വാധീനിച്ചേക്കുമെന്നും എസ്‌ഐടി വ്യക്തമാക്കി.