ദില്ലി: ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയിൽ ബി ജെ പി പ്രവേശനം ചർച്ചയായില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറിന്‍റെ പ്രതികരണം. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആണ് എസ് രാജേന്ദ്രൻ വന്നതെന്നും ബി ജെ പിയിൽ ചേരുന്നത് സംബന്ധിച്ചല്ല കൂടികാഴ്ച നടത്തിയതെന്നുമാണ് ജാവദേക്കർ പറയുന്നത്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദില്ലിയിലെത്തി ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ എസ് രാജേന്ദ്രൻ ബി ജെ പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എം എം മണിയക്കമുള്ള സി പി എം നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് പ്രശ്നങ്ങൾ അവസാനിച്ചെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജേന്ദ്രന്‍റെ പുതിയ നീക്കമെന്ന നിലയിലാണ് കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ബി ജെ പി പ്രവേശനത്തിന് മുന്നോടിയായാണ് എസ് രാജേന്ദ്രൻ ദില്ലിയിലെത്തി ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചക്കു ശേഷം പ്രകാശ് ജാവദേക്കറുടെ ദില്ലിയിലെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നേതാക്കളും രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ടെന്നതിനാൽ രാജേന്ദ്രന്‍റെ ബി ജെ പി പ്രവേശനമാണ് ചർച്ചയായതെന്നാണ് റിപ്പോർട്ടുകൾ. ജാവദേക്കർ ഇത് നിഷേധിച്ചെങ്കിലും രാജേന്ദ്രൻ പ്രതികരിച്ചിട്ടില്ല.
Prakash javadekar reply on meeting with CPM Leader S Rajendran