തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വിഷയത്തില്‍ പ്രതികരിച്ച് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് പ്രശാന്ത് വ്യക്തമാക്കി. മാത്രമല്ല, സര്‍ക്കാരിന്റെ നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പറഞ്ഞ പ്രശാന്ത് തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്നും വിമര്‍ശിച്ചു.
തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ജനിച്ചുവീണപ്പോഴേ ഐഎഎസുകാരന്‍ ആകണമെന്ന് വിചാരിച്ചുവന്ന ആളല്ലെന്നും വേറേയും ജോലിയും താല്‍പര്യങ്ങളും എല്ലാം ഉള്ളതാണെന്നും ഇതൊന്നും വലിയ സംഭവമായി തനിക്ക് തോന്നുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
പ്രശാന്ത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. സമൂഹമാധ്യമത്തിലൂടെ അഡിഷനല്‍ ചീഫ് സെക്രട്ടറിയെ തുടര്‍ച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു. എ.ജയതിലകിനെ വിമര്‍ശിച്ച് ഇന്നലെയും സമൂഹമാധ്യമത്തില്‍ പ്രശാന്ത് കുറിപ്പിട്ടിരുന്നു. ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കുമെന്നും റവന്യൂ മന്ത്രി കെ.രാജനും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടി.