ഭുവനേശ്വര്‍ : ജനുവരി എട്ടു മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന ത്രിദിന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്ക് ഹോംസ്റ്റേ സൗകര്യം ലഭ്യമാക്കുമെന്ന് ഒഡീഷ സര്‍ക്കാര്‍. ഏകദേശം 7,000 പ്രവാസികള്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭുവനേശ്വര്‍, കട്ടക്ക്, പുരി എന്നിവിടങ്ങളില്‍ 3,700 മുറികളുള്ള 200 ഹോട്ടലുകളാണ് ഇതിനായി സജ്ജമാക്കുകയെന്നും ഒഡീഷ ടൂറിസം വകുപ്പ് വ്യക്തമാക്കി.
കൂടാതെ, ഹോംസ്റ്റേകള്‍ ലഭ്യമാക്കുന്ന കുടുംബങ്ങള്‍ക്ക് ഒഡീഷയുടെ അന്തരീക്ഷവും ഇവിടുത്തെ വീടുകളിലെ സംസ്‌കാരവും പാരമ്പര്യവും പകര്‍ന്നുനല്‍കുന്നതിനായി ഗസ്റ്റ് മാനേജ്മെന്റ്, സേഫ്റ്റി പ്രോട്ടോക്കോള്‍ എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”ഒഡീഷയിലെ ജനങ്ങള്‍ക്ക് എന്‍ആര്‍ഐകള്‍ക്ക് ആതിഥ്യമരുളാനുള്ള വലിയ അവസരമാണിത്. ഹോട്ടല്‍ താമസത്തിന് പുറമെ അവര്‍ക്കായി ഞങ്ങള്‍ ഹോംസ്റ്റേ ക്രമീകരണങ്ങളും ചെയ്യും. ഹോംസ്റ്റേ ഉടമകള്‍ക്ക് ഗസ്റ്റ് മാനേജ്മെന്റ്, സേഫ്റ്റി പ്രോട്ടോക്കോളുകള്‍ എന്നിവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്,” ഉപമുഖ്യമന്ത്രി പ്രവതി പരിദ പറഞ്ഞു.
ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക്, ചിലിക്ക-സതപദ, രഘുരാജ്പൂര്‍ കരകൗശല ഗ്രാമം എന്നിവിടങ്ങളില്‍ 30 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ടൂറിസം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 2003ല്‍ ആരംഭിച്ച പ്രവാസി ഭാരതീയ ദിവസ് ആദ്യമായാണ് ഒഡീഷയില്‍ നടക്കുന്നത്. ഇതിനായാണ് വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നത്.