ന്യൂഡൽഹി: ഗൂഗിൾ ഇന്ത്യയുടെ പുതിയ മാനേജറായും വൈസ് പ്രസിഡന്റായും പ്രീതി ലോബാനയെ നിയമിച്ചു. ഏഷ്യാ-പസഫിക് മേഖലയുടെ പ്രസിഡൻ്റായി പ്രമോഷൻ ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിൻഗാമിയായിട്ടാണ് പ്രീതിയെ നിയമിച്ചത്.
ഇടക്കാല മേധാവി റോമ ദത്ത ചോബെയെ മാറ്റിയാണ് എട്ട് വർഷമായി ഗൂഗിളിൽ തുടരുന്ന പ്രീതിയെ നിയമിച്ചത്. ഗൂഗിൾ ഇന്ത്യയുടെ വിൽപ്പനയും പ്രവർത്തനവും ഇനി ലോബാന മേൽനോട്ടം വഹിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റവുമായുള്ള ഗൂഗിളിൻ്റെ ഇടപഴകൽ ശക്തിപ്പെടുത്തുകയായിരിക്കും പ്രീതിയുടെ പ്രധാന ചുമതലയെന്നും കമ്പനി പറയുന്നു.
നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിലെ ഗ്ലോബൽ ഫിനാൻസ് സർവീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും മേധാവി, അമേരിക്കൻ എക്‌സ്‌പ്രസിലെ ഗ്ലോബൽ ബിസിനസ് സേവനങ്ങളുടെ വൈസ് പ്രസിഡന്റ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലെ ബാങ്കിംഗ് സേവനങ്ങളുടെ മേധാവി, എഇസഡ്എൻ ഗ്രിൻഡ്‌ലേയ്‌സ് ബാങ്കിലെ വ്യക്തിഗത വായ്പാ മേധാവി എന്നീ നിലകളിലും പ്രീതി പ്രവർത്തിച്ചിരുന്നു. 30 വർഷത്തിലധികം നീണ്ട തൻ്റെ കരിയർ കാലയളവിൽ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദിലെ പൂർവ വിദ്യാർത്ഥിയാണ് പ്രീതി.
preeti lobana elected as Google india head