സ്ത്രീധനത്തിന്റെ പേരിൽ കണ്ണില്ലാത്ത ക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ 23 കാരിയായ ഗർഭിണിയെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടി വികൃതമാക്കി മൃതദേഹം കത്തിച്ചു. സ്ത്രീധനത്തിൻ്റെ പേരിൽ റീന തൻവാറിനെ ഭർത്താവ് മിഥുനും ഭർതൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.

കാളിപീത് പോലീസ് സ്റ്റേഷൻ പരിധിയിലെ തണ്ടി ഖുർദ് ഗ്രാമത്തിലാണ് സംഭവം. റീന കൊല്ലപ്പെട്ടതായി ഇന്നലെ ഒരു ഗ്രാമവാസി അറിയിച്ചതായി റീനയുടെ കുടുംബം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് രാംപ്രസാദ് തൻവാർ പോലീസുകാരുമായി തണ്ടി ഖുർദിൽ എത്തിയപ്പോഴേക്കും ഭർതൃവീട്ടുകാർ സ്ഥലത്തു നിന്നും ഒളിവിൽ പോയതായി മനസിലാക്കി.

വീട്ടുകാർ തീ അണച്ച് പാതി കത്തിയ മകളുടെ മൃതദേഹം പുറത്തെടുത്ത് തുണിയിൽ പൊതിഞ്ഞ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

അഞ്ച് വർഷം മുമ്പാണ് റീന തൻവാർ മിഥുൻ തൻവാറിനെ വിവാഹം കഴിച്ചത്. ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. കൊല്ലപ്പെടുന്ന സമയത്ത് റീന നാല് മാസം ഗർഭിണിയായിരുന്നു. ഭർതൃവീട്ടുകാർ മകളെ സ്ത്രീധനം ചോദിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് റീനയുടെ പിതാവ് രാംപ്രസാദ് തൻവാർ പറഞ്ഞു. പലപ്പോഴായി പണം നൽകിയിട്ടും അവർ പീഡനം നിർത്തിയില്ല. ഇത്തവണ തങ്ങൾ എത്തിയപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നുവെന്നും രാംപ്രസാദ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide