കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പാർലമെൻ്റ് പ്രസംഗം. രാമ ക്ഷേത്രവും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതും മുത്തലാഖ് നിരോധന നിയമവും രാഷ്ട്രപതി എടുത്തു പറഞ്ഞു . രണ്ടാം മോദി സര്‍ക്കാര്‍ ഭരണകാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറയുമ്പോള്‍ ജയ് ശ്രീറാം വിളിച്ചായിരുന്നു ഭരണ പക്ഷം ആഹ്‌ളാദം പങ്കുവച്ചത്.
രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷമാണ് കടന്നുപോയത് എന്ന് വ്യക്തമാക്കിയാണ് പ്രസംഗം ആരംഭിച്ചത്. ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വ്യവസ്ഥയായി മാറി. ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലൂടെ ചന്ദ്രന്റെ സൗത്ത് പോളില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. ജി 20 സമ്മിറ്റ്, ഏഷ്യന്‍ ഗെയിംസിലെ 100 മെഡല്‍ നേട്ടം എന്നിവയും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ രാജ്യം വികസന മുന്നേറ്റ പാതയിലാണ്. തന്റെ കുട്ടിക്കാലത്ത് കേട്ട ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യത്തില്‍ എത്തിയത് ഇക്കാലത്താണ്. രാജ്യത്തെ ദാരിദ്ര്യം വലിയ തോതില്‍ കുറഞ്ഞതായും രാഷ്ട്രപതി പ്രസംഗത്തില്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകം രണ്ട് വലിയ യുദ്ധങ്ങളെ കണ്ടു. കൊവിഡ് മഹാമാരിയെ നേരിട്ടു. ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ വിലക്കയറ്റം ഉള്‍പ്പെടെ ഇതിന്റെ ഭാരം സാധാരണ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ സഹായിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.
രാജ്യം വര്‍ഷങ്ങളായി കാത്തിരുന്ന പല ലക്ഷ്യങ്ങളും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നേടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു എന്ന പരാമര്‍ശത്തോടെയായിരുന്നു അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, വനിത സംവരണ ബില്‍ എന്നിവ രാഷ്ട്രപതി പരാമര്‍ശിച്ചത്.രാജ്യത്തെ യുവാക്കളും വനിതകളും കര്‍ഷകരുടെയും സാധാണക്കാരുമാണ് രാജ്യത്തിന്റെ ശക്തി. ഇവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുന്‍പ് പുതിയ പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ ലോക്‌സഭയില്‍ സ്ഥാപിച്ച ചെങ്കോലും സംയുക്ത സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തിച്ചിരുന്നു. പുതിയ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ ആദ്യ പ്രസംഗമായിരുന്നു ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്നത്.
President Droupadi Murmu Addresses Joint Session Of Parliament