കഴിഞ്ഞയാഴ്ച റിപ്പബ്ലബ്ലിക്കൻ സ്ഥാനാർത്ഥി ഡൊളാൾഡ് ട്രംപുമായി നടന്ന സിഎൻഎൻ സംവാദത്തിനു ശേഷം ആദ്യമായി യുഎസ് പ്രസഡിന്റ് ബൈഡൻ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. യുഎസ് മാധ്യമമായ എബിസി ന്യൂസിലായിരിക്കും ബൈഡൻ എത്തുക. അഭിമുഖത്തിനായി എത്തുന്ന ബൈഡൻ “ഗുഡ് മോണിംഗ് അമേരിക്ക”, “ദിസ് വീക്ക്” അവതാരകൻ ജോർജ്ജ് സ്റ്റെഫാനോപൗലോസുമായി സംസാരിക്കും.
“വേൾഡ് ന്യൂസ് ടുനൈറ്റ് വിത്ത് ഡേവിഡ് മുയർ” എന്ന പരിപാടിയുടെ ഫസ്റ്റ് ലുക്ക് ഇന്ന് സംപ്രേഷണം ചെയ്യും. കൂടാതെ അഭിമുഖം പൂർണ്ണമായി പ്രൈംടൈം സ്പെഷ്യൽ വെള്ളിയാഴ്ച, എബിസി ന്യൂസിൽ സംപ്രേഷണം ചെയ്യും.
സിഎൻഎൻ ആതിഥേയത്വം വഹിച്ച ചർച്ചയിൽ പ്രസിഡൻ്റിൻ്റെ ദുർബലമായ പ്രകടനം വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണം എന്ന് ആഹ്വാനങ്ങൾ ഉയരുന്ന സാഹര്യത്തിലാണ് ഇന്ന് എബിസി ന്യൂസിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. അഭിമുഖവും അധിക വിശകലനവും ജൂലൈ 7 ഞായറാഴ്ച “ദിസ് വീക്ക്” പരിപാടിയിൽ വീണ്ടും സംപ്രേഷണം ചെയ്യും.
അതേസമയം, യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയേക്കും എന്ന വലിയ ചർച്ചകൾ പുരോഗമിക്കെ താൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബൈഡൻ ഒരിക്കൽ കൂടി വ്യക്തമാക്കി. ബൈഡൻ പിന്മാറാൻ സന്നദ്ധത അറിയിച്ചു എന്ന രീതിയിൽ കുറച്ച് മുമ്പ് വാർത്തകൾ വന്നിരുന്നു.
വൈറ്റ് ഹൗസിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായി ബൈഡൻ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ ശേഷം ഇരുവരും പുറത്തു വന്ന് ബൈഡൻ തന്നെ തുടരും എന്ന് അറിയിക്കുകയായിരുന്നു. “ഞാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാണ്. ആരും എന്നെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ പിന്മാറില്ല” ബൈഡൻ പറഞ്ഞു. കമലാ ഹാരിസും ബൈഡന് പിന്തുണ അറിയിച്ചു.