‘ഇന്ത്യ ഇപ്പോള്‍ നല്ല അയല്‍ക്കാരന്‍’, യൂ ടേണ്‍ എടുത്ത് മാലിദ്വീപ് പ്രസിഡന്റ് മുയിസു, മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി.

‘മാലിദ്വീപ് ആദ്യം’ എന്ന നയം ഇന്ത്യയുമായുള്ള ദീര്‍ഘകാല ബന്ധത്തെ, പ്രത്യേകിച്ച് സുരക്ഷാ താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍, തടസ്സപ്പെടുത്തില്ലെന്നും മുയിസു ഉറപ്പുനല്‍കി. മറ്റ് രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ഇടപഴകലുകള്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുയിസു പറഞ്ഞു.

ചൈനാ അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട മുയിസു, ഇന്ത്യയുമായി മാലിദ്വീപ് ശക്തവും തന്ത്രപരവുമായ ബന്ധം തുടരുമെന്നും പറഞ്ഞു. ഇന്ത്യ ഒരു ‘മൂല്യമുള്ള പങ്കാളിയും സുഹൃത്തും’ ആണെന്നും ഇരു രാജ്യങ്ങളുടെയും ബന്ധം ‘പരസ്പര ബഹുമാനത്തിലും പങ്കിട്ട താല്‍പ്പര്യങ്ങളിലും അധിഷ്ഠിതമാണെന്നും മുയിസു വ്യക്തമാക്കി. ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച മുയിസു ഇപ്പോള്‍ നടത്തിയ യു ടേണും ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയോടുള്ള വിരോധത്തിന്റെ പേരില്‍ രാജ്യത്തിനകത്തുനിന്നു തന്നെ മുയിസുവിന് പ്രതിഷേധം നേരിടേണ്ടിയും വന്നിട്ടുണ്ട്.

അതേസമയം, സഹായം ആവശ്യമുള്ളപ്പോഴെല്ലാം അത്‌ നല്‍കാന്‍ ഇന്ത്യ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മുഹമ്മദ് മുയിസുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പ്രതികരിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ സഹായവും ദ്വീപ് രാഷ്ട്രത്തിന് കോവിഡ് വാക്സിനുകള്‍ നല്‍കുന്നതും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാലിദ്വീപിന് ഒരു പ്രധാന പങ്കുണ്ട്, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക അഭിവൃദ്ധിക്ക് സുസ്ഥിരത നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു..

More Stories from this section

family-dental
witywide