ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആശങ്കകളും വിവാദങ്ങളും നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതി ഇവിഎമ്മുകളെക്കുറിച്ച് സംസാരിച്ചത്. പഴയ പേപ്പര്‍ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിരസിച്ച സുപ്രീം കോടതിയുടെ ഏപ്രില്‍ 26 ലെ വിധിയെ പരാമര്‍ശിക്കുകയായിരുന്നു അവര്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണെന്ന് പ്രസിഡന്റ് പറഞ്ഞു. മാത്രമല്ല, ‘ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ്’ നടത്തിയതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ദ്രൗപതി മുര്‍മു പ്രശംസിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സുപ്രീം കോടതി മുതല്‍ ജനകീയ കോടതി വരെയുള്ള എല്ലാ പരീക്ഷകളിലും ഇവിഎം വിജയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ആദ്യ പ്രസംഗത്തില്‍, 1990കള്‍ വരെ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്ന ബാലറ്റ് പേപ്പറുകളെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ആധികാരികതയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇന്ത്യക്ക് പുറത്തേക്കും ഈ ചര്‍ച്ചകള്‍ നീണ്ടു. ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇവിഎം ഹാക്ക് ചെയ്യാനാകുമെന്നും സുരക്ഷിതമല്ലെന്നും പറഞ്ഞത് ചര്‍ച്ചകളുടെ എരി തീയിലേക്ക് അധിക എണ്ണ പകര്‍ന്നു. മസ്‌കിനെ പിന്തുണച്ച രാഹുല്‍ ഗാന്ധി, ഇന്ത്യയിലെ ഇവിഎമ്മുകള്‍ ആരെയും തുറന്നു പരിശോധിക്കാന്‍ അനുവദിക്കാത്ത ബ്ലാക് ബോക്‌സുകളാണെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇവിഎം സുരക്ഷിതമാണെന്ന് കേന്ദ്ര മുന്‍ ഐടി മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ തുറന്നു പ്രതികരിക്കുകയും രാഹുലിനെയും മസ്‌കിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇവിഎമ്മുകള്‍ക്ക് ഒടിപി വേണ്ടെന്നും ഫോണ്‍ പോലുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഹാക്ക് ചെയ്യാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രാഷ്ട്രപതി ഇവിഎമ്മുകളെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.