ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്; ഫലം നാളെ അറിയാം

ശ്രീലങ്ക ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്‌. 2022 ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പിന്നാലെയുണ്ടായ ജനകീയപ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. സമാഗി ജന ബലവേഗയ (എസ്‌ജെബി) യുടെ സജിത് പ്രേമദാസ (57), നാഷനല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍പിപി) അനുരകുമാര ദിസനായകെ (56) എന്നിവരാണു മുഖ്യഎതിരാളികള്‍.

1982 നു ശേഷം ലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം ഇതാദ്യമാണ്. 2022 ല്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് പിന്നാലെ വന്‍ പ്രതിഷേധത്തിനിരയായ ശ്രീലങ്കയില്‍ ആയിരക്കണക്കിനാളുകള്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയതോടെ ഗോതബായ രാജപക്സെയ്ക്ക് രാജ്യം വിടേണ്ടിവന്നു.

നിലവിലെ ഇടക്കാല പ്രസിഡന്റായ 75 കാരന്‍ റനില്‍ വിക്രമസിംഗെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. ശ്രീലങ്കയെ അതിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള തന്റെ ശ്രമങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് മത്സരരംഗത്ത് വിക്രമസിംഗെ നിറഞ്ഞ് നില്‍ക്കുന്നത്. ഞങ്ങള്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോയി രാജ്യത്തിന്റെ പാപ്പരത്തം അവസാനിപ്പിക്കുമെന്ന് ഞാന്‍ ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ റനില്‍ വിക്രമസിംഗെ ആവര്‍ത്തിക്കുന്നുണ്ട്.

ശ്രീലങ്കയിലെ 21 ദശലക്ഷത്തില്‍ ഏകദേശം 17 ദശലക്ഷം പേര്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്. ഇന്നത്തെ തിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനകളില്‍ നിന്നുള്ള 116 പ്രതിനിധികള്‍ ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide