വാരാണസി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് ഇക്കുറിയും മോദി മൂന്നാം ഊഴം തേടുന്നത്.
കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹം എത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. കൂടാതെ, ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
രാഷ്ട്രീയ ലോക്ദള്‍ തലവന്‍ ജയന്ത് ചൗധരി, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, അപ്‌നാ ദള്‍ (സോനേലാല്‍) മേധാവി അനുപ്രിയ പട്ടേല്‍, സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ഓം പ്രകാശ് രാജ്ഭര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
‘എന്റെ കാശിയുമായുള്ള എന്റെ ബന്ധം അതിശയകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്, അത് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല!’ എന്നാണ് പത്രിക സമര്‍പ്പിക്കും മുമ്പ് അദ്ദേഹം പറഞ്ഞത്.
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ 6 കിലോമീറ്റര്‍ റോഡ് ഷോയും മോദി നടത്തിയിരുന്നു. ബി.ജെ.പി കോട്ടയായി മാറിയ വാരാണസിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നേടാനാണ് മോദി ശ്രമിക്കുന്നത്. 1991 മുതല്‍ എട്ട് തവണ പാര്‍ട്ടി ഈ സീറ്റില്‍ വിജയിച്ചു, 2004-ല്‍ കോണ്‍ഗ്രസിലെ ആര്‍.കെ. മിശ്രയ്ക്ക് മാത്രമേ അതിലൊരു മാറ്റം വരുത്താന്‍ കഴിഞ്ഞുള്ളൂ. തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂണ്‍ 1 നാണ് വാരാണസി വോട്ടെടുപ്പിലേക്ക് നീങ്ങുക.