ന്യൂഡല്‍ഹി: ഇന്ന് സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശ്, കര്‍ണാടക, കേരളം, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കാണ് നരേന്ദ്ര മോദിയുടെ ആശംസകള്‍ എത്തിയത്.
എക്സിലെ പോസ്റ്റില്‍ ഈ സംസ്ഥാനങ്ങളുടെ വിവിധ സവിശേഷതകള്‍ എടുത്തുകാട്ടിയാണ് മോദി തന്റെ ആശംസകള്‍ അറിയിച്ചത്.
കര്‍ണാടകയുടെ മാതൃകാപരമായ സംസ്‌കാരവും പാരമ്പര്യവും അംഗീകരിക്കുന്ന ‘കന്നഡ രാജ്യോത്സവ’ വളരെ സവിശേഷമായ ഒന്നാണെന്നും ഈ സംസ്ഥാനം മികച്ച വ്യക്തികളാല്‍ അനുഗ്രഹീതമാണ്, അവര്‍ എല്ലാ മേഖലകളിലും വളര്‍ച്ചയ്ക്കും നവീകരണത്തിനും ശക്തി പകരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ജനങ്ങള്‍ എപ്പോഴും സന്തോഷവും വിജയവും കൊണ്ട് അനുഗ്രഹീതമായിരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
സമൃദ്ധമായ പ്രകൃതിവിഭവങ്ങളാലും സാംസ്‌കാരിക പൈതൃകങ്ങളാലും അനുഗ്രഹീതമാണ് മധ്യപ്രദേശെന്നും ഛത്തീസ്ഗഢിനെ അതിന്റെ നാടോടി പാരമ്പര്യങ്ങള്‍ക്കും ഗോത്രവര്‍ഗ സംസ്‌കാരത്തിനും പേരുകേട്ട സംസ്ഥാനമാണെന്നും മോദി വിശേഷിപ്പിച്ചു. ഇരു സംസ്ഥാനങ്ങളുടെയും വികസനം തുടരട്ടെയെന്നും അദ്ദേഹം കുറിച്ചു.
വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതികള്‍ക്കും ഊഷ്മളമായ പാരമ്പര്യങ്ങള്‍ക്കും കഠിനാധ്വാനികളായ ആളുകള്‍ക്കും പേരുകേട്ടതാണ് കേരളമെന്നായിരുന്നു കേരളത്തെക്കുറിച്ചുള്ള മോദിയുടെ കുറിപ്പ്. കേരളത്തിലെ ജനങ്ങള്‍ ലോകമെമ്പാടും, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരും കാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ പുരോഗതി പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
സമ്പന്നവും ചരിത്രപരവുമായ പൈതൃകത്തിന് പേരുകേട്ടതാണ് ഹരിയാനയെന്നും, രാജ്യത്തിന്റെ വികസനത്തിന് എല്ലായ്‌പ്പോഴും ഹരിയാന സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.