വിവാഹബന്ധത്തിൽ പങ്കാളിയുടെ സ്വകാര്യത മൗലികാവകാശം: മദ്രാസ് ഹൈക്കോടതി വിധി, സ്വകാര്യത ലംഘിച്ചു കൈവശപ്പെടുത്തിയ വിവരങ്ങൾ കോടതി തെളിവായി അംഗീകരിക്കില്ല

ചെന്നൈ: വിവാഹബന്ധത്തിൽ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയിൽ ഒളിഞ്ഞു കയറിയെടുക്കുന്ന വിവരങ്ങൾ തെളിവായി സ്വീകരിക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഭാര്യക്ക്‌ പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഭർത്താവ് ഹാജരാക്കിയ ഫോൺ സംഭാഷണ വിവരങ്ങൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ വിധി. വിവാഹബന്ധത്തിൽ പങ്കാളികൾ തമ്മിൽ പെരുമാറ്റ മര്യാദ വേണ്ടെന്ന ധാരണ കോടതി അംഗീകരിക്കുന്നില്ല.

സ്വകാര്യത മൗലികാവകാശമാണ്, അതിൽ ദാമ്പത്യബന്ധത്തിലെ സ്വകാര്യതയും ഉൾപ്പെടും. പങ്കാളികളിലൊരാൾ മറ്റേയാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. സ്വകാര്യത ലംഘിച്ചു കൈവശപ്പെടുത്തിയ വിവരങ്ങൾ തെളിവായി അംഗീകരിക്കില്ല -കോടതി വ്യക്തമാക്കി. ‘തന്റെ ചിന്തകളും ഏറ്റവും സ്വകാര്യമായ തോന്നലുകളും എഴുതിവെക്കാൻ ഭാര്യ ഡയറി എഴുതുന്നുണ്ടാവും. അവരുടെ അനുമതി കൂടാതെ അത് ഭർത്താവ് വായിച്ചുനോക്കാൻ പാടില്ല. അതുപോലെത്തന്നെയാണ് മൊബൈൽ ഫോണിന്റെ കാര്യവും. ഭാര്യയുടെ അനുമതി കൂടാതെ അതിലെ വിവരങ്ങൾ ചോർത്തുന്നത് സ്വകാര്യതയുടെ ലംഘനമാണ്’ -കോടതി പറഞ്ഞു.

രണ്ടുമക്കളുടെ പിതാവായ യുവാവ് വിവാഹബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് ഫോൺ സംഭാഷണവിവരങ്ങൾ കടന്നുവന്നത്. ഭാര്യക്കു പരപുരുഷ ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതു തെളിയിക്കാനാണ് ഫോൺ സംഭാഷണ വിവരങ്ങൾ സമർപ്പിച്ചത്. താനറിയാതെ ശേഖരിച്ച വിവരങ്ങൾ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരം കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളി.

അതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരസ്പരവിശ്വാസമാണ് ദാമ്പത്യത്തിന്റെ ആണിക്കല്ലെന്നും ഒരാൾ മറ്റൊരാളുടെ കാര്യങ്ങൾ ഒളിഞ്ഞുനോക്കാൻ തുടങ്ങുമ്പോൾ ഈ വിശ്വാസമാണ് തകരുന്നതെന്നും കോടതി പറഞ്ഞു.

privacy is a fundamental right in Marital relationship too says Madras high Court

More Stories from this section

family-dental
witywide