ന്യൂഡല്‍ഹി: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സഹായം വൈകാന്‍ കാരണം കേരളമെന്ന് പഴിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേരളം കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്.വയനാട് എംപി പ്രിയങ്കാ ഗാന്ധി സമര്‍പ്പിച്ച നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ ഷാക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിരംഗത്തെത്തി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും, വയനാട്ടിലെ ജനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഒഴിവുകഴിവുകള്‍ പറയുകയല്ല വേണ്ടത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അടിയന്തരസഹായങ്ങളാണ് ഉണ്ടാകേണ്ടതെന്ന് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.