ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പരിഗണിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി രൂപികരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹമന്ത്രിയുമായ പിപി ചൗധരി അധ്യക്ഷനായ സമിതിയില്‍ വയനാട് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങളാണ് ഉള്ളത്. പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ ആദ്യ ചുമതലയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിലെ ജെ പി സി അംഗത്വം.
ലോക്‌സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് അംഗങ്ങളുമാണ് സമിതിയില്‍ ഉള്ളത്. മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പര്‍ഷോത്തം രൂപാല, ഭര്‍തൃഹരി മഹ്താബ്, അനില്‍ ബലൂനി, സിഎം രമേഷ്, ബന്‍സുരി സ്വരാജ്, വിഷ്ണു ദയാല്‍ റാം, സംബിത് പത്ര തുടങ്ങിയവരാണ് സമിതിയില്‍ ലോക്‌സഭയില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍.
കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ്വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്‌സഭാ അംഗങ്ങള്‍.
രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സമിതിയില്‍ ലോക്‌സഭയില്‍ നിന്ന് പതിനാല് അംഗങ്ങള്‍ എന്‍ഡിഎയില്‍ നിന്നാണ്. ഇതില്‍ പത്തുപേര്‍ ബിജെപിയില്‍ നിന്നുമാണ്.