പ്രിയങ്കയുടെ കന്നി അങ്കം ദേശിയ ശ്രദ്ധയാകർശിക്കാൻ വമ്പൻ പ്ലാൻ! പത്രിക സമര്‍പ്പണം ഇതുവരെ കണ്ടതിൽ ഏറ്റവും ഗംഭീരമാക്കും; സോണിയ, രാഹുൽ, ഖര്‍ഗെ, മുഖ്യമന്ത്രിമാരും അണിനിരക്കും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത് വമ്പൻ ആഘോഷമാക്കാൻ കോൺഗ്രസിന്റെ മാസ്റ്റർ പ്ലാൻ. രാഹുലിന്റെ പകരക്കാരിയായി വയനാട്ടിൽ പ്രിയങ്ക കന്നി അങ്കം കുറിക്കുമ്പോൾ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പോലും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയിലാണ് കോൺഗ്രസ്‌. അതുകൊണ്ടുതന്നെ നേതാക്കളുടെ നീണ്ട നിരയാകും പ്രിയങ്കക്കൊപ്പം വയനാടൻ ചുരം കയറി എത്തുക. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ കോൺഗ്രസ് മുഖ്യമന്ത്രിമാരും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു , കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവര്‍ വയനാട്ടിലെത്തുമെന്നാണ് സൂചന.

നാളെ മൈസൂരില്‍ എത്തുന്ന പ്രിയങ്ക വൈകിട്ടോടെ വയനാട്ടിലെത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും പ്രിയങ്കക്കൊപ്പമുണ്ടാകും.

സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ പ്രിയങ്കയ്ക്ക് വേണ്ടിയുള്ള പ്രചാരണം പ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് സീറ്റ് ഒഴിയുകയും ചെയ്ത സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ നേതാവ് സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസും മത്സരിക്കും. രാഹുല്‍ ഗാന്ധി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമോയെന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

More Stories from this section

family-dental
witywide