സന്ദീപ് വാര്യർക്ക് പിന്നാലെ മറ്റൊരു പ്രമുഖ നേതാവിനെയും പാർട്ടിയിലെത്തിച്ച് ബി ജെ പിക്ക് കോൺഗ്രസസിന്റെ ഷോക്ക്. ഇന്നലെ ബി ജെ പി വിട്ട വയനാട് മുൻ ജില്ലാ അധ്യക്ഷൻ കെ പി മധു കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മറ്റൊരു പാർട്ടിയിലേക്ക് ഇപ്പോൾ ഇല്ലെന്നു പറഞ്ഞ മധു മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. ഇന്നലെയാണ് ദിവസമാണ് വയനാട്ടിലെ മുതിർന്ന ബിജെപി നേതാവായ മധു പാർട്ടി വിട്ടത്. മുൻ ബിജെപി ജില്ലാ അധ്യക്ഷനും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി. സിദ്ധീഖ് എംഎൽഎ ,കെപിസിസി അംഗവും പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റുമായ കെ. എൽ പൗലോസ് തുടങ്ങിയവരുമായി കെ.പി മധു പ്രാഥമിക ചർച്ച നടത്തിയിരുന്നു.
ഡിസംബർ ഒന്നിന് പ്രിയങ്ക ഗാന്ധി എംപിയുടെ സാന്നിധ്യത്തിൽ നടക്കുന്ന വിജയാഘോഷ ചടങ്ങിൽ കെ. പി. മധുവിനെ കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് സൂചന. അതേസമയം മധുവിൻ്റെ പാർട്ടി പ്രവേശനം കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു.
മധുവിന് പാർട്ടി വിടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നായിരുന്നു ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിൻ്റെ പ്രതികരണം. മാസങ്ങൾക്കു മുമ്പ് വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ നടത്തിയ പരസ്യ പ്രതികരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മധുവിനെ മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ രണ്ടര വർഷം ബിജെപിയുടെ വയനാട് ജില്ലാ പ്രസിഡൻ്റായിരുന്നു മധു.