
കൽപ്പറ്റ: കന്നിയങ്കത്തിലെ മിന്നും വിജയം ആഘോഷമാക്കാനും ജനങ്ങളെ നേരിൽ കണ്ട് നന്ദി അറിയിക്കാനും പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നു. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മണ്ഡലത്തിൽ എത്തുമെന്ന് പ്രിയങ്ക ഗാന്ധി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വിജയത്തിന് പ്രിയങ്ക വോട്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തു. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിന് നന്ദി പറയുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞുയ തൻ്റെ സഹോദരൻ മണ്ഡലത്തിൽ പ്രവർത്തിച്ചു എന്നതിൻ്റെ തെളിവാണ് ഇപ്പോഴത്തെ വിജയം. അതൊരു വലിയ ബഹുമതിയായി തനിക്ക് തോന്നുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
നേരത്തെ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ രണ്ടാമത്തെ മഹാ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ പ്രിയങ്ക ഗാന്ധി എക്സിലൂടെയും നന്ദി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വമ്പൻ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്കെല്ലാം പ്രിയങ്ക നന്ദി പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം വയനാട്ടിലെ എല്ലാവരുടേതുമാണെന്നാണ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചത്. നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതിയായ നന്ദിയും സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. നിങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റായിരുന്നില്ലെന്ന് തെളിയിക്കുമെന്നും പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ വ്യക്തമാക്കി. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും വയനാട്ടിലെ നിയുക്ത എം പി വിവരിച്ചിരുന്നു.