അച്ഛനലിഞ്ഞ മണ്ണിൽ, ഓർമകളിലേക്ക് പാദമൂന്നി പ്രിയങ്ക, പിതൃസ്മരണയിൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുനെല്ലി: പിതൃ സ്മരണയിൽ വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിന്‍റെ പടികൾ കയറിയത്. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി.

മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ പ്രേമചന്ദ്രൻ, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് തിരുനെല്ലി.

More Stories from this section

family-dental
witywide