കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒപ്പമെത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ചിരുന്നു. റായ്ബറേലി എം പിയായി ചുമതലയേറ്റ രാഹുൽ, വയനാട് നിന്ന് ഒഴിഞ്ഞതോടെയാണ് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സ്ഥാനാർഥിയായി എത്തുന്നത്.
നാമനിർദേശ പത്രിക നൽകിയ ശേഷം ഏഴു നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചാരണം നടത്തും. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചരണ പ്രവർത്തനങ്ങൾക്കായി അവിടേക്കും പോകും. തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസങ്ങളിൽ പ്രിയങ്ക പൂർണമായും വയനാട് കേന്ദ്രീകരിക്കും. പ്രിയങ്കക്കായി ദേശീയ നേതാക്കളും സെലിബ്രിറ്റികളും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥിയായി കുശ്ബുവിനെയടക്കം ബിജെപി പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 364422 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ആനി രാജ 283,023 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 141,045 വോട്ടുകള്‍ നേടി. 2019ലെ തെരഞ്ഞടുപ്പില്‍ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പോള്‍ ചെയ്തതിന്റെ 64. 7 ശതമാനം വോട്ടുകള്‍ രാഹുലിന് ലഭിച്ചിരുന്നു.