കല്‍പ്പറ്റ: കന്നി അങ്കത്തില്‍ ചേര്‍ത്തുപിടിച്ച് മിന്നും വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദര്‍ശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയില്‍ സന്ദര്‍ശനം നടത്തും.
വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ സത്യന്‍ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.
വ്യാഴാഴ്ചയാണ് വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സഭാ എംപിയാണ് ഇപ്പോള്‍ പ്രിയങ്ക. കേരള സാരി ഉടുത്ത് പാര്‍ലമെന്റിലെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയ്‌ക്കൊപ്പം അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും ഉണ്ടായിരുന്നു.