ന്യൂഡല്‍ഹി: പലസ്തീന്‍ അനുകൂല ബാഗുമായി പാര്‍ലമെന്റിലേക്കെത്തി ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ട കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇന്നിതാ മറ്റൊരു ബാഗുമായി എത്തി. ഇന്നലെ പലസ്തീനെങ്കില്‍ ഇന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ബാഗാണ് ഇന്ന് പ്രിയങ്കയെ ചര്‍ച്ചാവിഷയമാക്കുന്നത്. അതേസമയം പ്രിയങ്ക മാത്രമല്ല, മറ്റ് പ്രതിപക്ഷ എംപിമാരും ഇതേ ബാഗുമായാണ് എത്തിയത്. പാര്‍ലമെന്റിനു പുറത്ത് ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധിക്കുകയും ചെയ്തു
ഗൗതം അദാനിക്കെതിരായ യുഎസ് കോടതിയുടെ കുറ്റപത്രം പോലെ തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷം വ്യത്യസ്ത രീതിയാണ് പിന്തുടരുന്നത്. ഈ ശീതകാല സമ്മേളനത്തില്‍ ‘മോദി-അദാനി ഏക് ഹേ’ എന്ന സന്ദേശം പതിച്ച ജാക്കറ്റും ടീ ഷര്‍ട്ടും ധരിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്. അത്തരത്തിലാണ് ‘പലസ്തീന്‍ ബാഗും ബംഗ്ലാദേശ് ബാഗും’ പ്രതിഷേധത്തിന്റെയും ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും ഭാഗമായത്.
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിനിടെ ‘പലസ്തീന്‍’ എന്ന് എഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധിയെ കണ്ടതോടെയാണ് ബിജെപി അമര്‍ഷവും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. പലസ്തീനിയന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട ഒരു ചിഹ്നമായ തണ്ണിമത്തന്‍ ഉള്‍പ്പെടെ നിരവധി ചിഹ്നങ്ങളും ബാഗില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പ്രതീകാത്മക പ്രതിഷേധത്തെ ‘വ്യര്‍ഥമായ കാര്യം’ എന്ന് ബിജെപി വിശേഷിപ്പിച്ചപ്പോള്‍, ഈ ‘ചവറുകളെ’ കുറിച്ച് സംസാരിക്കുന്നതിന് പകരം, ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളിലും സര്‍ക്കാര്‍ ചില നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രിയങ്ക പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചു. മാത്രമല്ല, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശുമായി സംസാരിക്കണമെന്നും പ്രിയങ്ക പാര്‍ലമെന്റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.