അമേരിക്കൻ ക്യാംപസുകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ തുടരുന്നു. ഒപ്പം വ്യാപകമായ അറസ്റ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹാർവാർഡ് പോലുള്ള സർവകലാശാലകളിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സർവകലാശാലകളും അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികൾക്കു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കൊളംബിയ സർവകലാശാലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധം യുഎസിലാകെ പടർന്നുകൊണ്ടിരിക്കുകയാണ്. പല ക്യാമ്പസുകളിലും സമരത്തെ പോലീസ് സഹായത്തോടെ അധികൃതർ അടിച്ചമർത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇൻഡ്യാന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ശനിയാഴ്ച 200 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 18 മുതലുള്ള കണക്ക് പ്രകാരം യുഎസ് ക്യാമ്പസുകളിൽ നിന്ന് 700 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സമരപന്തലുകൾ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് തകർത്തെറിഞ്ഞു. പല കേസുകളിലും അറസ്റ്റിലായ ഭൂരിഭാഗം പേരും മോചിതരായിട്ടുണ്ട്.
ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേണിൽ പ്രതിഷേധക്കാർ ക്യാമ്പസിൻ്റെ സെൻ്റിനിയൽ കോമണിൽ ക്യാമ്പ് സ്ഥാപിച്ചിരുന്നു. പിന്നാലെ നൂറുകണക്കിന് വിദ്യാർഥികൾ പിന്തുണയുമായി എത്തി. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും പല വിദ്യാർഥികളും പോയിട്ടില്ല.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ, അനധികൃത സമര കൂടാരം സ്ഥാപിച്ചതിന് 69 പേരെ ശനിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തിട്ടുണ്ട്. . പ്രതിഷേധക്കാർ ടെൻ്റ് ഉണ്ടാക്കിയെന്നും പിരിഞ്ഞുപോകാൻ പലതവണ നിർദ്ദേശം നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സർവകലാശാല അഭിപ്രായ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളുന്ന ഒരു അന്തരീക്ഷമായി തുടരുമെങ്കിലും പഠനത്തിനാണ് പ്രഥമ പരിഗണനയെന്നും കോളജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥർ 102 പ്രതിഷേധക്കാരെ വിവിധ പ്രതിഷേധ ക്യാമ്പുകളിൽ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എത്ര പേർ വിദ്യാർഥികളാണെന്നു വ്യക്തമല്ല. എന്നാൽ യൂണിവേഴ്സിറ്റി ഐഡി കാണിക്കുന്ന വിദ്യാർത്ഥികളെ വിട്ടയക്കുന്നുണ്ടെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.
ക്രൂരമായ ആൻ്റി സെമറ്റിക് അധിക്ഷേപങ്ങൾ പ്രകടനക്കാർ ഉപയോഗിക്കുന്നതായി ആരോപണങ്ങൾ ഉണ്ട്. എന്നാൽ ഇക്കാര്യം വിദ്യാർഥികൾ നിഷേധിച്ചു. ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിംഗ്‌ടണിൽ, ശനിയാഴ്ച 23 പ്രതിഷേധക്കാരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. എത്ര അറസ്റ്റുകളും അടിച്ചമർത്തലുകളുമുണ്ടായാലും വിദ്യാർഥി പ്രതിഷേധത്തെ ഇല്ലാതാക്കാൻ അതിനൊന്നുമായിട്ടില്ല. മുമ്പ് വിയറ്റ്നാം യുദ്ധ സമയത്ത് അമേരിക്ക കണ്ടതുപോലെ , അത്ര തീവ്രമല്ലെങ്കിലും , യുവാക്കൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്.
Pro Palestine Protest At University Campuses Continue