‘പമ്പിന് അനുമതി വൈകിച്ചില്ല, നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു, ‘ദിവ്യ സഹകരിച്ചില്ല’

തിരുവനന്തപുരം: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സംഭവം അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറാണ് വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. പിപി ദിവ്യക്കെതിരായ നിർണായക പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് പ്രാഥമിക വിവരം. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നുമടക്കമുള്ള കാര്യങ്ങൾ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന ഗുരുതരമായ പരാമർശവും അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചത് ദിവ്യ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എ ഡി എം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുള്ളതായാണ് വിവരം.

കണ്ണൂർ കളക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നൽകിയില്ല. കൈക്കൂലി വാങ്ങി എന്നതിനു മൊഴിയും ഇല്ല. പമ്പിന് എൻ ഒ സി നൽകിയതിൽ എ ഡി എം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എ ഡി എം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

More Stories from this section

family-dental
witywide