ന്യൂഡൽഹി: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതി. വിവാദ വിധിക്കെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിമര്‍ശിച്ചത്. വിധിയിലെ നിരീക്ഷണങ്ങള്‍ പ്രശ്‌നകരം മാത്രമല്ല നിയമ തത്വങ്ങളെ ചോദ്യം ചെയ്യുന്നത് കൂടിയാണെന്നും ബഞ്ച് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് കൊല്‍ക്കത്ത ഹൈക്കോടതി വിവാദ വിധി പ്രസ്താവം നടത്തിയത്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ കണ്ണില്‍ ‘പരാജിതയായി’ കാണപ്പെടാതിരിക്കാന്‍ തങ്ങളുടെ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധിയില്‍ പറഞ്ഞത്.
യുവാക്കള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസ് തീര്‍പ്പാക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. അപ്പീല്‍ തീര്‍പ്പാക്കുന്നതിനിടെ, ഹൈക്കോടതി കൗമാരക്കാര്‍ക്ക് ഒരു കൂട്ടം ഉപദേശങ്ങള്‍ നല്‍കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ ജുഡീഷ്യല്‍ അച്ചടക്കം പാലിക്കേണ്ടത് പ്രധാനമാണെന്ന് സുപ്രീം കോടതി പറഞ്ഞു