
മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നഗരത്തിലെ ഒരു റോഡിന് നല്‍കാനുള്ള മൈസൂരു സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം ശക്തമായ എതിര്‍പ്പിന് കാരണമായി. ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതല്‍ ഔട്ടര്‍ റിങ് റോഡ് ജംക്ഷന്‍ വരെയുള്ള റോഡിന്റെ ഒരു ഭാഗത്തിന് ‘സിദ്ദരാമയ്യ ആരോഗ്യ മാര്‍ഗ്’ എന്ന് പേരിടണമെന്നാണ് നിര്‍ദേശമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചാമരാജ കോണ്‍ഗ്രസ് എംഎല്‍എ ഹരീഷ് ഗൗഡയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 22ന് നടന്ന യോഗത്തിലാണ് മൈസൂരു സിറ്റി കോര്‍പ്പറേഷന്‍ (എംസിസി) തീരുമാനമെടുത്തത്. എന്നാലിത് കനത്ത എതിര്‍പ്പിലേക്ക് നയിക്കുകയായിരുന്നു.
കൗണ്‍സില്‍ യോഗത്തിന് മുമ്പ് വിഷയം ആദ്യം മൈസൂരു ഡെപ്യൂട്ടി കമ്മീഷണറുടെ മുമ്പാകെ വെച്ചു. ഡിസംബര്‍ 13 ന്, 30 ദിവസത്തിനുള്ളില്‍ ഈ നിര്‍ദ്ദേശത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിച്ചുകൊണ്ട് എംസിസി ഒരു പത്ര അറിയിപ്പ് നല്‍കി. ഇതോടെ എതിര്‍പ്പ് ശക്തമായി.
ചരിത്രനഗരമായ മൈസൂരിലെ കെആര്‍എസ് റോഡിന് ‘സിദ്ധരാമയ്യ ആരോഗ്യ മാര്‍ഗ്’ എന്ന് പേരിട്ട നടപടി അപലപനീയമാണെന്ന് ജെഡി(എസ്) വിശേഷിപ്പിച്ചു. രണ്ടാം തവണയും മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ സ്വന്തം ജില്ലയാണ് മൈസൂരു.
ലോകായുക്ത പൊലീസിന്റെ അന്വേഷണം നേരിടുന്നുണ്ടെന്നും മുഡ സൈറ്റ് അനുവദിച്ച കേസില്‍ സിദ്ധരാമയ്യ പ്രതിയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടി എക്സിലൂടെ ശക്തമായി പ്രതികരിച്ചു. മുഡ കുംഭകോണത്തില്‍ ഉള്‍പ്പെട്ട അഴിമതിക്കാരനായ മുഖ്യമന്ത്രിയുടെ പേര് ഒരു റോഡിന് നല്‍കുന്നത് ചരിത്രനഗരമായ മൈസൂരുവിനോട് മാത്രമല്ല, സംസ്ഥാനത്തിനോടാകെയുള്ള വഞ്ചനയും അപമാനവുമാണെന്ന് ജെഡി(എസ്) ആരോപിച്ചു.