വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ലോയ്ഡ് ഡോഗെറ്റ് ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ഒരാൾ ബൈഡനോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് ആവശ്യപ്പെടുന്നത്. യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡൻ നടത്തിയ ദുർബലമായ പ്രകടനത്തെ തുടർന്നാണ് ലോയ്ഡ് ഡോഗെറ്റ് പ്രസിഡന്‍റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
സംവാദത്തിൽ സ്വന്തം നേട്ടങ്ങൾ അവതരിപ്പിക്കുന്നതിലും ട്രംപിന്‍റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടാനും ബൈഡൻ പരാജയപ്പെട്ടതായി ലോയ്ഡ് വിമർശിച്ചു. ലോയ്ഡിന് പിന്നാലെ, മുൻ ഭവന, നഗര വികസന സെക്രട്ടറി ജൂലിയൻ കാസ്ട്രോ ഡെമോക്രാറ്റിക് പാർട്ടി ബൈഡനെ മത്സരരംഗത്ത് നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു.
അതേസമയം, സംവാദത്തിലെ മോശം പ്രകടനത്തെ ന്യായീകരിച്ച് ബൈഡൻ രംഗത്തെത്തി. തന്റെ യാത്ര അസുഖകരമായിരുന്നുവെന്നും ക്ഷീണത്താൽ വേദിയിൽ ഉറങ്ങിപ്പോയതാണെന്നും ബൈഡൻ പറഞ്ഞു.
“സംവാദത്തിന് മുമ്പ് രണ്ട് തവണ ലോക പര്യടനത്തിലായിരുന്നതിനാൽ ക്ഷീണിതനായിരുന്നു. ഞാൻ എൻ്റെ സ്റ്റാഫിനെ ശ്രദ്ധിച്ചില്ല. സ്റ്റേജിൽ ഉറങ്ങിപ്പോകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. ബൈഡന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വ്യാപകമായ ചർച്ച ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.
വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ബൈഡനെ ഡെമോക്രാറ്റുകൾ തഴയുമോ എന്ന് കാത്തിരുന്ന് കാണണം. അതേസമയം, ജോ ബൈഡനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നു മാറ്റുന്നത് 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയാകുമെന്ന്, പത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിൽ ഒമ്പത് ഫലങ്ങളും കൃത്യമായി പ്രവചിച്ച അമേരിക്കൻ ചരിത്രകാരൻ അലൻ ലിച്ച്മാൻ പറഞ്ഞിരുന്നു.