ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ അസാധാരണമായ കാഴ്ചകള്‍ക്കായിരുന്നു ഇന്ന് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. ഒരു സര്‍ക്കാരിന്റെ തുടക്കത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇതുപോലെ പ്രതിഷേധമയമാകുന്നത് ഒരുപക്ഷെ സമീപകാല ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഓര്‍മ്മിപ്പിച്ച്, അതിനെതിരെ ശക്തമായി പ്രതികരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലേക്ക് എത്തിയത്. മൂന്നാം മന്ത്രിസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് ഭരണകക്ഷി അംഗങ്ങള്‍ എത്തുമ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധമായിരുന്നു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ അണിനിരന്ന പ്രതിഷേധം.
സഭക്കുള്ളില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞക്കായി എഴുന്നേറ്റതും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള അംഗങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു. കഴിഞ്ഞ രണ്ട് സര്‍ക്കാരിലേതിനെക്കാള്‍ മൂന്നാമൂഴത്തില്‍ കൂടുതല്‍ ശക്തമായ പ്രതിപക്ഷത്തെയാണ് നരേന്ദ്ര മോദിക്ക് നേരിടേണ്ടിവരുന്നത്. 2024ലെ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷണത്തിനുള്ള പോരാട്ടമാക്കി മാറ്റാനായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചത്. അതേ ആവേശത്തില്‍ തന്നെയായിരുന്നു പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിലും പ്രതിപക്ഷം കാട്ടിയത്.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെയും കോളേജ് അദ്ധ്യാപകര്‍ക്കുള്ള നെറ്റ് പരീക്ഷയുടെയും ചോദ്യ പേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പും ഒക്കെ പുറത്തുവന്നത് വലിയ പ്രക്ഷോഭമായി മാറുമ്പോഴായാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞക്കായി എഴുന്നേറ്റതും ലോക്സഭയില്‍ ബഹളമായിരുന്നു. മന്ത്രി സത്യപ്രതിജ്ഞ പീഠത്തിലേക്ക് നടക്കുമ്പോള്‍ നെറ്റ്, നീറ്റ് എന്നൊക്കെ പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒരു പക്ഷെ ഇത് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു അവസ്ഥ ഒരു സര്‍ക്കാരിന്റെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും നേരിടേണ്ടി വന്നത്. പാര്‍ലമെന്റ് സമ്മേളനം ചേരുമ്പോള്‍ പുറത്ത് കോണ്‍ഗ്രസ് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധവുമായിരുന്നു.
ഭരണഘടയും കയ്യില്‍ കരുതിയായിരുന്നു കോണ്‍ഗ്രസിലെ ഓരോ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യവാചകം ചൊല്ലിയപ്പോള്‍ കൃഷ്ണാ ഗുരുവായൂരപ്പ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു കേരളത്തില്‍ നിന്നുള്ള ഏക ബിജെപി അംഗം സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. വയനാട്ടില്‍ നിന്നുള്ള അംഗത്വം രാജിവെച്ചതിനാല്‍ കേരളാ അംഗങ്ങള്‍ക്കൊപ്പം സത്യപ്രതിജ്ഞക്ക് രാഹുല്‍ ഗാന്ധി ഉണ്ടായില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുലിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം എം.പി ശശി തരൂര്‍ വിദേശ യാത്രയില്‍ ആയതിനാല്‍ മറ്റൊരു ദിവസമാകും സത്യപ്രതിജ്ഞ.
280 അംഗങ്ങളാണ് ആദ്യദിനമായ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ബാക്കിയുള്ളവര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകുന്നേരത്തിനകം സത്യപ്രതിജ്ഞ പൂര്‍ത്തിയാകും.
ഏതായാലും വലിയ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദിനങ്ങള്‍ തന്നെയായിരിക്കും മോദി സര്‍ക്കാരിന് വരുംനാളുകള്‍. ആദ്യ രണ്ട് ദിവസം സത്യപ്രതിജ്ഞയും പിന്നീട് സ്പീക്കര്‍ തെരഞ്ഞെടുപ്പും രാഷ്ട്രപതിയുടെ നയപ്രഖ്യാപനവുമൊക്കെയാണ് നടക്കാനിരിക്കുന്നത്. വലിയ തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് ഉണ്ടായത്. അത് മറികടക്കാന്‍ വലിയ ശ്രമങ്ങള്‍ മോദിയുടെ മൂന്നാം സര്‍ക്കാരില്‍ ഉണ്ടായേക്കും. അതേ സമയം സര്‍ക്കാരിനെ പരമാവധി പ്രതികൂട്ടില്‍ നിര്‍ത്തി മുന്നോട്ടുപോകാന്‍ തന്നെയാകും പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നരേന്ദ്ര മോദിക്കും അമിത്ഷാക്കും എതിരെ സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ് ആരോപണം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരുന്നു. അതില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നീറ്റ്-നെറ്റ് തട്ടിപ്പ് പുറത്തുവന്നത്. പിഴവ് പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തട്ടിപ്പുകളുടെ പേരില്‍ സിബിഐ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2021ലായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിയായി എത്തിയത്. അതിന് ശേഷം നടന്ന പ്രവേശന പരീക്ഷകളിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ പുതിയ സര്‍ക്കാരാണ് എന്ന ന്യായം പറഞ്ഞ് മാറിനില്‍ക്കാന്‍ ധര്‍മ്മേന്ദ്ര പ്രധാന് സാധിക്കില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തന്നെയാകും ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നീക്കം. 2014ലും 2019ലുമൊക്കെ കണ്ടതുപോലെ പ്രതിപക്ഷ അംഗങ്ങളെ ഒന്നാകെ സഭയില്‍ നിന്ന് പുറത്താക്കി ബില്ല് പാസാക്കാനും തീരുമാനം എടുക്കാനുമൊന്നും ഇനി നരേന്ദ്ര മോദിക്ക് സാധിക്കില്ല എന്നതും പ്രധാനമാണ്.
Protest against modi and Dharmedra pradhan during oath taking