ഇസ്ലാമാബാദ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അത്യുജ്ജ്വല വിജയത്തില്‍ ആശംസകളറിയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരെ കടുത്ത പ്രതിഷേധം. പാക്കിസ്ഥാനില്‍ നിരോധിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയുള്ള അഭിനന്ദനമാണ് പ്രധാനമന്ത്രിയെ തിരിഞ്ഞുകൊത്തിയത്.
പാകിസ്ഥാന്‍-യുഎസ് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും വരുന്ന ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ഷെരീഫ് എക്‌സില്‍ കുറിച്ചത്. ട്രംപിനെ അഭിനന്ദിക്കുന്നതിനായി എക്സ് ആക്സസ് ചെയ്യാന്‍ പ്രധാനമന്ത്രി ഷെരീഫ് വിപിഎന്‍ ഉപയോഗിച്ചതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷമാദ്യമാണ് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് നിരോധനം പ്രഖ്യാപിച്ചത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയിലെ (ബിഎല്‍എ) ഭീകരര്‍ തങ്ങളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയ പ്രധാന കാരണം.
ഈ നിരോധനം നിലനില്‍ക്കെ പ്രധാനമന്ത്രി എക്സില്‍ പോസ്റ്റിട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ‘കാപട്യത്തിന് മാനുഷിക മുഖമുണ്ടെങ്കില്‍ അത് ഷെഹ്ബാസ് ഷെരീഫ് ആയിരിക്കുമെന്നും, ട്രംപിനെ അഭിനന്ദിക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്ന ജോക്കറാണ് ഇതെന്നും അടക്കമുള്ള കമന്റുകളും സോഷ്യല്‍മീഡിയയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.
അതേസമയം, പാകിസ്ഥാനും അമേരിക്കയും പഴയ സുഹൃത്തുക്കളും പങ്കാളികളുമാണെന്നും ട്രംപിന്റെ രണ്ടാം ടേം പാക്കിസ്ഥാന്റെ ചൈനയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് കഴിഞ്ഞദിവസം വ്യക്തമാക്കി.