
അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര് ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുന്നപ്ര അഞ്ചിൽ ഉമൈബ (70) യുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. ഇവർ ഒരുമാസമായി ഇവിടെ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെതുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഉമൈബ ബുധനാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്.
പോലീസ് ഇടപെട്ടിട്ടും പ്രതിഷേധം അടങ്ങിയില്ല. ഒടുവിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ ഖാദർ എത്തി ബന്ധുക്കളുമായി ചർച്ച നടത്തി. ഒന്നരയോടെയാണ് മൃതദേഹവുമായി ഇവർ മടങ്ങിയത്. ഉമൈബയുടെ കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.
midnight protest in front of Alappuzha medical College