ന്യൂയോർക്ക്: ഷെഖ് ഹസീനയുടെ പതനത്തിനു കാരണമായ ബംഗ്ലാദേശിലെ കലാപം അതിർത്തി കടന്ന് അമേരിക്കയിലുമെത്തി. പ്രതിഷേധക്കാർ ന്യൂയോർക്കിലെ ബംഗ്ലാദേശ് കോൺസുലേറ്റ് അടിച്ചുതകർക്കുകയും “ബംഗ്ലാദേശിൻ്റെ പിതാവ്” എന്നറിയപ്പെടുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ചിത്രം നശിപ്പിക്കുകയും ചെയ്തു. ശൈഖ് മുജീബുർ റഹ്മാൻ്റെ ഛായാചിത്രവും അദ്ദേഹത്തിൻ്റെ പുസ്തകങ്ങളും ബലമായി വലിച്ചെറിഞ്ഞ പ്രതിഷേധക്കാർ ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്.
ബംഗ്ലാദേശ് സിന്ദാബാദ് എന്ന് വിളിച്ചെത്തിയ പ്രതിഷേധക്കാർ മുജീബുർ റഹ്മാന് ലഭിച്ച എല്ലാ അവാർഡുകളും സാഹിത്യ പുരസ്‌കാരങ്ങളും പുസ്തകങ്ങളും വലിച്ചെറിഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീന, മുജീബുർ റഹ്മാൻ്റെ മകൾ ആണെന്നതാണ് രാഷ്ട പിതാവിന്ആ നേരെയും പ്രതിഷേധക്കാരുടെ രോഷം ഉയരാൻ കാരണം.
അതേസമയം ഹസീന പലായനം ചെയ്ത സാഹചര്യത്തിൽ ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കാൻ തീരുമാനം. നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണം എന്ന ആവശ്യമാണ് പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന വിദ്യാർഥി നേതാക്കൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ‘മാർച്ച് ടു ധാക്ക’ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ നേതാക്കളാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. പ്രധാന വിദ്യാർഥി നേതാക്കളായ നഹിദ് ഇസ് ലാം, അസിഫ് മുഹമ്മദ്, അബൂബക്കർ മസൂംദാർ എന്നിവർ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം മുന്നോട്ടുവച്ചത്. ബംഗ്ലാദേശിലെ നിലവിലെ വെല്ലുവിളി നേരിടാൻ മുഹമ്മദ് യൂനുസ് വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകൻ ആയിട്ടുള്ള സർക്കാർ ആകും രൂപീകരിക്കുക.