മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂരിൽ ചൊവ്വാഴ്ച നാല് വയസ്സുള്ള രണ്ടു സ്കൂൾ കുട്ടികളെ ശുചീകരണ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. പോലീസ് നടപടിയിലെ കാലതാമസത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
ബദ്‌ലാപുർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ റെയിൽവേ ഗതാഗതം തടസ്സപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കുനേരെ പ്രതിഷേധക്കാർ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് 12, 13 ദിവസങ്ങളിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്‌കൂളിലെ 23-കാരനായ ശുചീകരണ തൊഴിലാളി പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍വച്ച് നാല് വസയുള്ള രണ്ട് പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടർന്ന്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ മാനേജ്മെന്റ് ക്ലാസ് ടീച്ചറിനെ പിരിച്ചുവിടുകയും പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ അതൃപ്തിയിലാണ്. അധികൃതർ ഔദ്യോഗികമായി മാപ്പ് പറയാത്തതും ഇവരെ പ്രകോപിപ്പിക്കുന്നുണ്ട്.
സംഭവത്തിൽ, പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ അറിയിച്ചു. വളരെ ഗൗരവമായാണ് വിഷയം കാണുന്നത്. സ്കൂളിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.